Tuesday, November 12, 2013

മരണത്തിന്റെ അതിരിൽ ഒരു വേലി

 
 

തന്നോളം തന്നെ വാർദ്ധക്യം ബാധിച്ച കുടിലിന്റെ ഇറയത്ത് ചൂടിക്കട്ടിലിൽ കിടക്കുകയായിരുന്നു രാജാവ്.  ഉച്ച കഴിഞ്ഞിരുന്നു.  മഴ തോർന്നെങ്കിലും, കിഴക്കൻമലയിറങ്ങി കാടിനെയുലച്ച് താഴ്വരയിലേക്ക് പടർന്നിറങ്ങിയ കോടക്കാറ്റ് രാജാവിനെ ശല്യം ചെയ്തു.  പഴമയുടെ എണ്ണമെഴുക്ക് ബലപ്പെടുത്തിയ കട്ടിപ്പുതപ്പ് തപ്പിയെടുത്ത് വൃദ്ധൻ തലയ്ക്കുമീതേ പുതച്ചു.  തോൽവി സമ്മതിച്ച കാറ്റ് മുഖം കറുപ്പിച്ച് ചാടിത്തുള്ളി മുറ്റത്തിറങ്ങി, മുൾവേലി നൂണ്ട്, ശ്മശാനത്തെ കവച്ചുകടന്ന്, അതിനപ്പുറമുള്ള പുൽമേടുകളിൽ പരന്നുനിറഞ്ഞു.  അവിടെ പുതുതായി, ഒരൊറ്റ ദിവസത്തിൽ ഉടലാർന്നു പൊന്തിയ കാറ്റാടിയന്ത്രങ്ങളുടെ നീണ്ടുകൂർത്ത് വെള്ളിനിറമുള്ള ഇലകളുടെ ഇടയിൽപ്പെട്ട് ചക്രശ്വാസം വലിച്ചു.  ഇലകളാകട്ടെ, മന്ദഗതിയിൽത്തുടങ്ങി ക്രമത്തിൽ വേഗതയാർജ്ജിച്ച കറക്കങ്ങൾ കൊണ്ട് കാറ്റിന്റെ ഊർജ്ജമൂറ്റിയെടുത്ത് ചാലകങ്ങളിലൂടെ താഴ്വരയിലേക്ക് ഒഴുക്കി. 

കാറ്റൊഴിഞ്ഞപ്പോൾ ചൂടിക്കട്ടിലിൽക്കിടന്നുകൊണ്ട് രാജാവ് കുടിലിനപ്പുറത്തു തെളിഞ്ഞു വന്ന മുൾവേലിയിലേക്കും അതിനപ്പുറം പരന്ന ശ്മശാനത്തിലേക്കും നോക്കി വിഷാദം പൂണ്ടു.  പൂർവ്വികർ ലയിച്ചുചേർന്ന മണ്ണ് വേലിക്കപ്പുറം, തനിക്കപ്രാപ്യമായ ഒരു ദ്വീപുപോലെ വേഷം മാറിയത് രാജാവറിഞ്ഞു.  കാറ്റടങ്ങിയ നേരങ്ങളിൽ പിതൃക്കളുടെ വേദന വേലി താണ്ടി വന്നു് തന്നെപ്പൊതിയുന്നത് വൃദ്ധൻ അനുഭവിച്ചു.

കീർത്തിക്കും സമ്പത്തിനും വേണ്ടി   പടനിലങ്ങളിൽ ചോരപ്പുഴയൊഴുക്കി തേർവാഴ്ചകൾ നടത്തിയ രാജാക്കന്മാരെപ്പറ്റി വൃദ്ധൻ കേട്ടിട്ടുണ്ടായിരുന്നില്ല.  പ്രകൃതിയിൽ ജനിച്ചു ജീവിച്ച്, അതിൽനിന്നെടുത്തു ഭക്ഷിച്ച്, അതിലേക്കുതന്നെ മടങ്ങിപ്പോകുന്ന മനുഷ്യരായിരുന്നു വൃദ്ധന്റെ പ്രജകൾ.  ആദിമമായ അറിവുകളും വഴക്കങ്ങളും വഴികാട്ടിയാക്കി വൃദ്ധന്റെ മുത്തച്ഛന്മാർ ഊരുവാണു.  പ്രജകളാകട്ടെ, രാജാവാകട്ടെ, നാലു തലമുറകൾക്കുള്ളതു കൂട്ടിവെക്കുകയോ നാലൂരിനുള്ളതു കയ്യടക്കുകയോ ചെയ്തില്ല.  വെളിച്ചത്തിന്റെയും കാടിന്റെയും മൂർത്തികളെ പൂജിച്ച്, പ്രകൃതിയുടെ കോപങ്ങളെ ഭയപ്പെട്ട്, അതിന്റെ അലിവിൽ മനം നിറഞ്ഞ് അവർ ജീവിച്ചു മരിച്ചു.

കാലം പോകെ, തന്റെ വംശപരമ്പര ചെറിയൊരു വൃത്തമായിച്ചുരുങ്ങുന്നതും സംസ്കാരത്തിന്റെ പതാകാവാഹകരായ മറ്റൊരു സമൂഹം അതിനപ്പുറത്ത് വലിയൊരു സമുദ്രമായി അലയടിക്കുന്നതും വൃദ്ധനറിഞ്ഞു.  വിശപ്പാറ്റാൻ വേണ്ടി മാത്രം നായാടിയ തന്റെ ജനതക്കുമേൽ സംസ്കൃത മനുഷ്യരുടെ ആർത്തി നിയമങ്ങളായും വേലികളായും വന്നു പൊതിയുന്നതു കണ്ട് വൃദ്ധനു ശ്വാസം മുട്ടി..

ഉച്ചവെയിലിന്റെ ഊഷ്മളതയിൽ വൃദ്ധൻ പുതപ്പു മാറ്റി രാവിലത്തെ കൗതുകങ്ങളെപ്പറ്റി ഓർക്കാൻ തുടങ്ങി.  അഞ്ചാറുപേരടങ്ങിയ ഒരു സംഘമായാണ് അവരെത്തിയത്; വിചിത്രമായ വേഷങ്ങളും ഭാഷയും ഉപകരണങ്ങളുമായി.  ഊരിൽനിന്ന് പുറത്തുപോയിപ്പഠിച്ച് ആ സമുദ്രത്തിൽ ലയിച്ചുചേർന്ന ഒരു യുവാവായിരുന്നു അവരുടെ വഴികാട്ടി.  ആണിനെപ്പോലെ വസ്ത്രം ധരിച്ച ഒരു യുവതി ഏതോ ഒരുപകരണം നീട്ടി, വൃദ്ധന് അരികും മൂലയും മാത്രം മനസ്സിലാകുന്ന ഭാഷയിൽ എന്തൊക്കെയോ ചോദിച്ചു.  ഊരിന്റെയും വംശപരമ്പരകളുടെയും ചരിത്രത്തെപ്പറ്റിയാണ് അവർ ചോദിച്ചതെന്ന് ഊരുകാരൻ യുവാവ് മൊഴിമാറ്റി.  കേട്ടറിവുകളിലും ഓർമ്മയുടെ ആഴങ്ങളിലും മുങ്ങിത്തപ്പി വൃദ്ധൻ തനിക്കറിയാവുന്ന ഉത്തരങ്ങൾ നൽകി.

അവസാനം, ശ്മശാനം കടന്നു കയറിവന്ന മുൾവേലികളെപ്പറ്റി ചോദിച്ചപ്പോൾ, അവർ നീട്ടിയ വെളിച്ചത്തിൽ ചെടിച്ചിട്ടെന്നവണ്ണം വൃദ്ധന്റെ കണ്ണിൽനിന്നും നീരടർന്നു.  രാജാക്കന്മാരും അവരുടെ ഗോത്രപരമ്പരയും പൊടിഞ്ഞുചേർന്ന മണ്ണ് അധികാരവും കയ്യൂക്കും കൊണ്ടു നേടിയ ചില ശാസനങ്ങളുടെ ബലത്തിൽ ചിലർ പതിച്ചെടുത്തത് പറഞ്ഞപ്പോൾ വൃദ്ധന്റെ സ്വരം വിറച്ചു.  വിവരണങ്ങളിൽ സംതൃപ്തരായി, ശ്മശാനത്തിന്റെയും കാറ്റാടിപ്പാടത്തിന്റെയും കാഴ്ചകൾ പകർത്തി ഉച്ചക്കു മുൻപുതന്നെ സംഘം സ്ഥലം വിട്ടു.  ഓർമ്മകളുടെയും കാറ്റിന്റെയും താരാട്ടിൽ വൃദ്ധനുറങ്ങി.

                                      **                 **                 **

ചാലകങ്ങളിലൂടെ താഴ്വരയിലേക്കൊഴുകിയ ഊർജ്ജം തണുപ്പിച്ചെടുത്ത മുറിയിൽ, തന്റെ പ്രിയപ്പെട്ട ചാരുമഞ്ചത്തിൽ, ഉച്ചയുറക്കം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു മന്ത്രി.  ഭരണത്തിന്റെ ആയാസങ്ങൾ ചിത്രങ്ങളായും  ശബ്ദങ്ങളായും മന്ത്രിക്കുമുന്നിലെ സ്ക്രീനിൽ തെളിഞ്ഞുമാഞ്ഞു.  അതിനിടയിൽ, താൻ പുതുതായി നട്ടുപിടിപ്പിച്ച കാറ്റാടിപ്പാടത്തിന്റെ ദൃശ്യങ്ങൾ വന്നുവീണത് അദ്ദേഹത്തെ ജാഗരൂകനാക്കി. അതവസാനം കുടിലിന്റെ മുറ്റത്തുനിൽക്കുന്ന രാജാവിലെത്തി നിശ്ചലമായി.  രാജാവ്, പിതൃപരമ്പരയിൽ നിന്നു വേർപെട്ടുപോയ തന്റെ ജന്മത്തെപ്പറ്റി വിലപിക്കുകയായിരുന്നു.  കാഴ്ചകളിൽ ഒരു മുൾവേലി വളർന്നുവളർന്നുവന്നു.  അതിന്റെ ആഘാതത്തിൽ മന്ത്രി വിവശനായി.  കൂടെയുണ്ടായിരുന്ന സഹായി നേതാവിന്റെ മനസ്സറിഞ്ഞ്, അദ്ദേഹത്തിന്റെ പരവേശം അകറ്റാനുള്ള പാനീയക്കൂട്ട് തയ്യാറാക്കാൻ ശ്രമം തുടങ്ങി.

                                      **                 **                 **

താഴ്വരയിൽ നിന്ന് ഇരുട്ടു പടർന്നു വന്ന് കനംവെച്ചു.  കുടിലിൽ, ഉറക്കത്തിന്റെ കനിവിലലിഞ്ഞ്, ഒരു ഗോത്രനൃത്തത്തിനു സാക്ഷിയാകുകയായിരുന്നു രാജാവ്.  ഊരിനു നടുവിലെ ദൈവത്തറയിൽ ഒരാഴി തെളിഞ്ഞു കത്തി.  അരികിലെ പീഠത്തിൽ പ്രൗഢിയോടെ രാജാവിരുന്നു.  പെരുമ്പറകളുടെ താളത്തിൽ ചുവടുവെച്ച ഗോത്രക്കാർ സംതൃപ്തിയുടെ സ്വരത്തിൽ പാട്ടുപാടി.  പ്രീതരായ ദൈവങ്ങൾ അദൃശ്യരായ കാഴ്ചക്കാരായി.  പെരുമ്പറയുടെ താളം മുറുകിയപ്പോൾ ആഴി ഉയർന്നുകത്തി.  ചൂട് തരംഗങ്ങളായി ഉയർന്നതും നൃത്തക്കാരും ദൈവങ്ങളും ദൈവത്തറയുപേക്ഷിച്ച് പലായനം ചെയ്തു.  കണ്ണു തുറന്ന രാജാവ് ഗോത്രക്കാർക്കു പകരം തനിക്കുചുറ്റും നൃത്തംവെക്കുന്നത് അഗ്നിയാണെന്നറിഞ്ഞ് സങ്കടപ്പെട്ടു.

രാവിലെ മലയിറങ്ങി കാടുകടന്നു വന്ന കാറ്റ് മുൾവേലിക്കു മുൻപിൽ കുടിലിന്റെ തടസ്സമൊഴിഞ്ഞതു കണ്ട് വിഷണ്ണനായി അവിടെയാകെ ചുറ്റിത്തിരിഞ്ഞ്, ക്രമേണ വേഗതയാർന്ന് ഒരു ചുഴലിയായി.  കുടിലിരുന്ന സ്ഥലത്തുനിന്നും വെണ്ണീറിന്റെ ഒരു മേഘം കറങ്ങിപ്പൊങ്ങി.  മുൾവേലി കടന്ന മേഘം ശ്മശാനത്തിനു മുകളിൽ ധൂളികളായി പറന്നു താണു.  പരമ്പരകളുടെ കൂടിച്ചേരലിന്റെ സാന്ദ്രതയിൽ താഴ്‌വരയിൽ വെയിലുയർന്നു.

                                                       **         **       **


                                        ( ഇലസ്ട്രേഷൻ : അല്പം ചോരണം, അല്പം കൈക്രിയ)